മെയ് 8 മുതൽ സമ്പൂർണ ലോക്ക്ഡൗൺ - EC Online TV

Breaking

Post Top Ad


2021, മേയ് 6, വ്യാഴാഴ്‌ച

മെയ് 8 മുതൽ സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം: മെയ് എട്ടു മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഒമ്പത് ദിവസമാണ് സംസ്ഥാനം പൂർണമായും അടച്ചിടുക. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങൾ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. 

നിലവിലെ മിനി ലോക്ക് ഡൗൺ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. വിദഗ്ധസമിതിയുടെ നിർദേശം അനുസരിച്ചാണ് ലോക്ക് ഡൗൺ പ്രഖ്യാപനം.

മിനി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറക്കാനായില്ല. മാത്രമല്ല, പൊലീസ് എത്ര നിയന്ത്രിച്ചിട്ടും ജനങ്ങൾ പുറത്തിറങ്ങുന്നത് തടയാനുമായില്ല. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

നിലവിൽ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 41,953 പേർക്കാണ് കേരളത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധാ നിരക്ക് 25.69 ശതമാനമാവുകയും ചെയ്തിരുന്നു.

ജനങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്ന കാരണത്താൽ സമ്പൂർണ്ണ ലോക്ഡൗൺ ഒട്ടും നിവൃത്തിയില്ലെങ്കിൽ മാത്രമേ നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നത്. എന്നാൽ കേസുകൾ 40,000 കടന്നു. അതോടെയാണ് അനിവാര്യമായ ലോക്ഡൗണിലേക്ക് കേരളം കടക്കാനുള്ള നിർണായക തീരുമാനം സർക്കാർ കൈക്കൊണ്ടത്.

കോവിഡ് കേസുകൾ കുത്തനേ കൂടിയോടെയാണ് മിനിലോക്ഡൗണിലൂടെ നിയന്ത്രണം ശക്തമാക്കാമെന്നായിരുന്നു സർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ ചൊവ്വാഴ്ച ആരംഭിച്ച മിനിലോക്ഡൗൺ കാര്യമായ ഫലം കാണുന്നില്ലെന്ന് ആദ്യ ദിവസം തന്നെ പോലീസ് റിപ്പോർട്ട് നൽകി. പുറത്തിറങ്ങുന്ന 80 ശതമാനം പേരും അനാവശ്യ യാത്രകളാണ് നടത്തുന്നത്. ചോദ്യം ചെയ്യുമ്പോൾ ഓരോ ന്യായീകരണങ്ങൾ നിരത്തുകയാണെന്നും ഡിജിപിക്ക് ലഭിച്ച റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതിന് പിന്നാലെയാണ് സമ്പൂർണ്ണലോക്ക്ഡൗൺ പരിഗണനയിലേക്ക് വന്നത്. അടുത്ത ആഴ്ച കേസുകളുടെ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും വളരെ നിർണായകമാണെന്നുമുള്ള വിദഗ്ദ്ധ സമിതി റിപ്പോർട്ട് കൂടി ലഭിച്ചതോടെ സമ്പൂർണ്ണ ലോക്ഡൗണിലേക്ക് സംസ്ഥാനം കടക്കുകയായിരുന്നു.

നേരത്തെ കോവിഡ് വ്യാപനം കേന്ദ്ര ആരോഗ്യ മന്ത്രാലയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ ഉയർന്ന ജില്ലകളിൽ സമ്പൂർണ്ണലോക്ക്ഡൗൺ നിർദേശിച്ചിരുന്നു. ഈ ഘട്ടത്തിൽ തന്നെ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15-നും 20 ശതമാനത്തിനും മുകളിലായിരുന്നു. ജനജീവിത്തെ വലയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ചേർന്ന സർവ്വകക്ഷിയോഗത്തിൽ എല്ലാ പാർട്ടികളും സമ്പൂർണ്ണ ലോക്ഡൗണിനോട് വിയോജിപ്പ് പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കർശനിയന്ത്രണങ്ങലോടെ മിനിലോക്ഡൗൺ പ്രഖ്യാപിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad