സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ച് സർക്കാർ - EC Online TV

Breaking

Post Top Ad


2021, മേയ് 10, തിങ്കളാഴ്‌ച

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ച് സർക്കാർ

സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികളുടെ ചികിത്സാ നിരക്ക് നിജപ്പെടുത്തി സർക്കാർ വിജ്ഞാപനം. ജനറൽ വാർഡുകൾക്ക് എല്ലാ ചെലവുകളും ഉൾപ്പെടെ ഒരു ദിവസം 2645 രൂപ വരെ മാത്രമേ ഈടാക്കാവൂ എന്ന് വിജ്ഞാപനത്തിൽ പറയുന്നു. ജനറൽ വാർഡിൽ രണ്ട് പിപിഇ കിറ്റ് മാത്രമേ ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും ഐസിയുവിൽ ആണെങ്കിൽ അഞ്ച് പിപിഇ കിറ്റുകൾ വരെ ആകാമെന്നും ഇവയുടെ പരമാവധി വിൽപന വിലയിൽ കൂടുതൽ നിരക്ക് ഈടാക്കാൻ പാടില്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.  

കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ചികിത്സാ നിരക്ക് നിജപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുള്ളതായി വ്യക്തമാക്കിയത്. രജിസ്ട്രേഷൻ, കിടക്ക, നേഴ്സിങ് ചാർജ് തുടങ്ങിയവ അടക്കമുള്ളവ ഉൾപ്പെടെ ഒരു ദിവസം 2645 രൂപ മാത്രമേ ജനറൽ വാർഡുകളിൽ ഈടാക്കാവൂ എന്നാണ് വിജ്ഞാപനം. എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ പരമാവധി 2,910 രൂപ വരെ ഈടാക്കാം.

എച്ച്ഡിയു നിരക്ക് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 4175 ഉം മറ്റിടങ്ങളിൽ 3795 രൂപയുമാക്കി നിശ്ചയിച്ചിട്ടുമുണ്ട്. ഐസിയുവിന് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 7,800 രൂപയും മറ്റിടങ്ങളിൽ 8580 രൂപയുമാണ്. വെന്റിലേറ്റർ ഐസിയുവിന് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 13,800ഉം മറ്റിടങ്ങളിൽ 15,180 രൂപയുമാക്കിയാണ് നിശ്ചയിച്ചിരിക്കുന്നത്. സിടി സ്കാൻ അടക്കമുള്ള പരിശോധനകൾക്ക് അധിക ചാർജ് ഈടാക്കാം. 

ഏതെങ്കിലും കാരണവശാൽ അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാൽ ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികൾക്ക് പരാതി നൽകാം. നേരിട്ടോ ഇ-മെയിൽ വഴിയോ പരാതി നൽകാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയിൽനിന്ന് ഈടാക്കും എന്നാണ് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നത്. 

അതേസമയം, സർക്കാർ നിശ്ചയിച്ച നിരക്കിൽ കോവിഡ് ചികിത്സ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രികൾ കോടതിയിൽ വ്യക്തമാക്കി. സിടി സ്കാൻ അടക്കമുള്ളവയക്ക് 4000-5000 രൂപയാകും. മൂന്ന് ഷിഫ്റ്റ് ആയാണ് നഴ്സുമാർ ജോലിചെയ്യുന്നത്. എട്ട് മണിക്കൂറിൽ കൂടുതൽ ഒരു പിപിഇ കിറ്റ് ധരിക്കാൻ സാധിക്കില്ല. സ്വകാര്യ ആശുപത്രികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം കാര്യങ്ങൾ പരിഗണിച്ചുകൊണ്ടുവേണം വിധി പറയാനെന്നും അവർ കോടതിയിൽ വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad