വെഞ്ഞാറമൂട്ടിൽ ഷോറൂം കുത്തിതുറന്ന് കാർ മോഷ്ടിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 5, ബുധനാഴ്‌ച

വെഞ്ഞാറമൂട്ടിൽ ഷോറൂം കുത്തിതുറന്ന് കാർ മോഷ്ടിച്ചു

വെഞ്ഞാറമൂട് തണ്ട്റാംപൊയ്കയിലെ യൂസ്ഡ് കാർ ഷോറൂം കുത്തിത്തുറന്ന്  കാർ മോഷ്ടിച്ചു. റിയാസ്  എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സിറ്റിസൺ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.

 സ്ഥാപനത്തിന്റെ ഓഫീസ് സി.സി.ടി.വി.യിൽ ചൊവ്വാഴ്ച പുലർച്ചെ 1.45ന് മോഷ്ടാവ് അകത്ത് കടക്കുന്ന ദൃശ്യം കിട്ടിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഓഫീസ് പൂട്ട് പൊളിച്ച്  അകത്ത് കടന്ന മോഷ്ടാവ് അവിടത്തെ മേശയും അലമാരയും കുത്തിപ്പൊളിച്ച് താക്കോൽ എടുത്താണ് കാർ സ്റ്റാർട്ടാക്കിയത്. അതിനു ശേഷം ഗേറ്റിന്റെ പൂട്ടുപൊളിച്ച് വാഹനം പുറത്തിറക്കി.

 മോഷ്ടാവിന് ഏകദേശം  25 വയസ്സ് പ്രായം  വരുമെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മോഷ്ടാവ് മാസ്ക് ധരിച്ചിട്ടുണ്ട്. കൈവശം കോളേജ് ബാഗും ഉണ്ടായിരുന്നു. റൂമിന്റെ മുൻവശത്തുള്ള ക്യാമറ ഓഫ് ചെയ്തിരുന്നത് കൊണ്ട് മറ്റു ദൃശ്യങ്ങൾ ലഭിച്ചില്ല. വിളക്കുകൾ അണയ്ക്കാൻ വേണ്ടി ജീവനക്കാർ ചൊവ്വാഴ്ച രാവിലെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.


സ്ഥാപന ഉടമ റിയാസ് വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി. വെഞ്ഞാറമൂട് പോലീസ് എത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് വിഭാഗത്തിലെ ട്രാക്കർ സാറയെയും മോഷണസ്ഥലത്ത് കൊണ്ടുവന്നു. ഡോഗ് ഹാൻഡ്ലർ വിഷ്ണു ശങ്കറിനൊപ്പം സാറ കിളിമാനൂർ ഭാഗത്തേയ്ക്കുള്ള റോഡിലൂടെ സമീപത്തെ ഒരു കെട്ടിടത്തിന്റെ പുറകിൽ ചെന്ന്‌ അവിടെനിന്ന് ഒരു ഹെൽമറ്റ് കടിച്ചെടുത്തു.


സ്ഥാപനത്തിൽ മുമ്പ് എത്തിയിട്ടുള്ള ആരെങ്കിലുമാകും മോഷണം നടത്തിയതെന്നാണ് പോലീസ് നിഗമനം. അവിടെ 18 കാറുകളുണ്ടായിരുന്നെങ്കിലും കൃത്യമായ താക്കോൽ തന്നെ കണ്ടെടുത്താണ് കാർ സ്റ്റാർട്ട് ചെയ്തത്. കുറച്ച് ദിവസങ്ങളിലെ സി.സി.ടി.വി. പോലീസ് പരിശോധിക്കും. അവിടെ വന്നുപോയവരുടെ വിവരങ്ങൾ ശേഖരിക്കും. മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

Post Top Ad