വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് നേത‍ൃത്വം തിരഞ്ഞെടുത്തു - EC Online TV

Breaking

Post Top Ad


2021, മേയ് 22, ശനിയാഴ്‌ച

വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് നേത‍ൃത്വം തിരഞ്ഞെടുത്തു


വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് നേത‍ൃത്വം തിരഞ്ഞെടുത്തു. ഇതേക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചു.കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മുസ്‍‌‌ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു. കെപിസിസി നേതൃമാറ്റം പിന്നീട്.
ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജുൻ ഖാർഗെയും വി.വൈദ്യ ലിംഗവും കേരളത്തിലെത്തി കോൺഗ്രസ് എംഎൽഎമാരിൽനിന്നും എംപിമാരിൽനിന്നും പ്രതിപക്ഷ നേതാവ് ആരാകണമെന്നതിൽ പ്രത്യേകം അഭിപ്രായം തേടിയിരുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുന്നതിൽ അവസാനിമിഷം വരെ ഹൈക്കമാൻഡിനുമേൽ സമ്മർദമുണ്ടായി. രമേശ് തുടരുന്നതാണ് ഉചിതമെന്ന വാദവുമായി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
ഏതാനും യുവ എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണയാണ് സതീശന് ഉണ്ടായിരുന്നത്. രമേശും ഉമ്മ‍ൻ ചാണ്ടിയും കൈകോർത്തതോടെ, അവരെ മറികടന്നുള്ള തീരുമാനം സംസ്ഥാനത്ത് പാർട്ടിക്കു ദോഷം ചെയ്യുമെന്ന ആശങ്ക ഹൈക്കമാൻഡിനുണ്ടായിരുന്നെങ്കിലും ഒടുവിൽ തലമുറ മാറ്റത്തിന് തീരുമാനിക്കുകയായിരുന്നു.
നിയമസഭാ പിഎസി, എസ്റ്റിമേറ്റ്‌ കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചാം തവണ പറവൂരിൽനിന്ന് എംഎൽഎ ആയി ജയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad