പുതുമുഖങ്ങൾക്ക് അവസരം വന്നപ്പോൾ ടീച്ചർ പുറത്ത് - EC Online TV

Breaking

Post Top Ad


2021, മേയ് 18, ചൊവ്വാഴ്ച

പുതുമുഖങ്ങൾക്ക് അവസരം വന്നപ്പോൾ ടീച്ചർ പുറത്ത് രണ്ടാം പിണറായി മന്ത്രിസഭയിൽ കെകെ ശൈലജ ഉണ്ടാകില്ലെന്ന് വിവരം. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്പോൾ കെകെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നൽകേണ്ടതില്ലെന്ന തീരുമാനം ആണ് സിപിഎം കൈക്കൊണ്ടത്. കെകെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 
കൊവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ മന്ത്രിസഭയിൽ നടത്തിയ മികച്ച പ്രവര്‍ത്തനവും മട്ടന്നൂരിൽ നേടിയ വൻ ഭൂരിപക്ഷവും എല്ലാം കണക്കിലെടുത്ത് കെകെ ശൈലജയെ ഇത്തവണയും പരിഗണിക്കണമെന്ന തരത്തിലായിരുന്നു ചര്‍ച്ച നടന്നിരുന്നത്. എന്നാൽ സംഘടനാ സംവിധാനത്തിൽ എല്ലാവർക്കും തുല്യ പരിഗണനയും നീതിയും പൊതുതീരുമാനവും വേണമെന്ന നിലപാടിൽ പാര്‍ട്ടി ഉറച്ച് നിന്നതോടെയാണ് ശൈലജക്ക് മന്ത്രിസ്ഥാനം നഷ്ടമായത് 
ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തിൽ ഏഴ് പേരാണ് കെകെ ശൈലജയെ അനുകൂലിച്ചത് . എന്നാൽ 88 അംഗ സമിതിയിൽ ഭൂരിഭാഗം പേരും കോടിയേരി ബാലകൃഷ്ണൻ മുന്നോട്ട് വച്ച പുതുമുഖ പട്ടികയെയാണ് അംഗീകരിച്ചത്. പൊതു സമൂഹത്തിലും ഭരണ തലത്തിലും കെകെ ശൈലജക്ക് ഉണ്ടായിരുന്നത് മികച്ച പ്രതിച്ഛായയാണ്. കെകെ ശൈലജയെ ഒഴിവാക്കി മുന്നോട്ട് പോകുമ്പോൾ ഇത്തരത്തിലുള്ള തുടർചര്‍ച്ചകളും വിമർശനങ്ങളും എല്ലാം ഉയർന്ന് വരാനിടയുണ്ട്. എന്നാൽ അത് മന്ത്രിസഭയിലെ പുതുമുഖ സാന്നിധ്യവും മികച്ച പ്രവർത്തനവും കൊണ്ട് മറികടക്കാനാകുമെന്നാണ് വിലയിരുത്തിരുന്നത്. ഇതോടെ ആരോഗ്യ വകുപ്പ് ഇനി ആര് കൈകാര്യം ചെയ്യുമെന്ന കാര്യത്തിലും കൗതുകമേറി.
മാത്രമല്ല ജനാഭിപ്രായത്തിന്‍റെ പിൻബലത്തിൽ മുന്നോട്ട് പോകാൻ പാര്‍ട്ടിക്ക് ആകില്ലെന്നും സിപിഎം വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പ് തന്നെ രണ്ട് തവണ മത്സരിച്ചവര്‍ മാറി നിൽക്കട്ടെ  എന്ന തീരുമാനം സിപിഎം എടുക്കുകയും ജി സുധാകരനും തോമസ് ഐസകും അടക്കം മുതിര്‍ന്ന മന്ത്രിമാര്‍ക്ക് വരെ മത്സര രംഗത്ത് നിന്ന് മാറി നിൽക്കേണ്ട സാഹചര്യവും ഉണ്ടായി. ഇതിന്റെ തുടര്‍ച്ചായാണ്  മന്ത്രിസഭയിലെ പുതുമുഖ സാന്നിധ്യം എന്ന നിര്‍ണ്ണായക തീരുമാനത്തിന് മുന്നിൽ കെകെ ശൈലജയും ഒഴിവാക്കപ്പെടുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad