ഇൻഡ്യാക്കാർക്ക് വിലക്കുമായി ഓസ്‌ട്രേലിയയും - EC Online TV

Breaking

Post Top Ad


2021, മേയ് 1, ശനിയാഴ്‌ച

ഇൻഡ്യാക്കാർക്ക് വിലക്കുമായി ഓസ്‌ട്രേലിയയും

ഇന്ത്യയിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ച് ഓസ്ട്രേലിയ. രാജ്യത്ത് നിന്നുള്ള വിമാനങ്ങള്‍ വിലക്കിയതിന് പിന്നാലെ മെയ് മൂന്നിന് ശേഷം ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന തങ്ങളുടെ സ്ഥിരതാമസക്കാര്‍ക്കും പൗരന്മാര്‍ക്കും ഓസ്ട്രേലിയ വിലക്ക് പ്രഖ്യാപിച്ചു. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കാണ് വിലക്ക്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.


കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിരവധി രാജ്യങ്ങള്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയില്‍ നിന്ന് മടങ്ങി എത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ആദ്യ രാജ്യമാണ് ഓസ്ട്രേലിയ. കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയില്‍ നിന്ന് മെയ് 3ന് ശേഷം ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും നല്‍കുമെന്നാണ് ഓസ്ട്രേലിയ വെള്ളിയാഴ്ച വിശദമാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ കര്‍ശനമായി തടയാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നിയന്ത്രണം.

അഞ്ച് വര്‍ഷം തടവാണ് വിലക്ക് ലംഘിച്ചാല്‍ ലഭിക്കുമെന്നാണ് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പ്രസ്താവനയില്‍ വിശദമാക്കിയത്. ഓസ്ട്രേലിയയിലെ ജനങ്ങളുടെ ആരോഗ്യവും ക്വാറന്‍റൈന്‍ സംവിധാനവും കണക്കിലെടുത്താണ് തീരുമാനമെന്നും ഗ്രെഗ് ഹണ്ട് വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് പ്രതിരോധ സംവിധാനങ്ങള്‍ താളം തെറ്റാതിരിക്കാനാണ് കര്‍ശന നിലപാടെന്നും ഗ്രെഗ് പറയുന്നു. മെയ് 15 ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാവുമെന്നും ഗ്രെഗ് വിശദമാക്കി.

ഇന്ത്യയില്‍ ഈ ആഴ്ച കൊവിഡ് മരണങ്ങള്‍ 200000 പിന്നിട്ടിരുന്നു. എന്നാല്‍ തീരുമാനം വംശീയ അധിക്ഷേപമാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. രാജ്യത്തേക്ക് മടങ്ങി വരുന്നവര്‍ക്ക് സുരക്ഷിതമായ ക്വാറന്‍റൈന്‍ സംവിധാനങ്ങള്‍ ഒരുക്കാതെ ജയിലില്‍ അടയ്ക്കുന്നത് കടന്ന കൈ ആണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നത്. 

Post Top Ad