കേരള-കർണാടക പോര് ഇനി കെ.എസ്.ആർ.ടി.സി വെബ് സൈറ്റ് അഡ്രസ്സിനുവേണ്ടി - EC Online TV

Breaking

Post Top Ad


2021, ജൂൺ 6, ഞായറാഴ്‌ച

കേരള-കർണാടക പോര് ഇനി കെ.എസ്.ആർ.ടി.സി വെബ് സൈറ്റ് അഡ്രസ്സിനുവേണ്ടി

K. S. R. T. C➖️ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി ഇനിയുള്ള തർക്കം കെ.എസ്.ആർ.ടി.സി. എന്ന വെബ് മേൽവിലാസത്തിനുവേണ്ടിയാകും. കെ.എസ്.ആർ.ടി.സി. എന്ന ചുരുക്കെഴുത്ത് സ്വന്തമാക്കിയ സ്ഥിതിക്ക് കേരളം അതേപേരിലെ വെബ് മേൽവിലാസത്തിന് അവകാശമുന്നയിക്കും. https://ksrtc.in എന്ന വെബ് മേൽവിലാസം ഇപ്പോൾ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കൈവശമാണ്. 2014-ൽ കെ.എസ്.ആർ.ടി.സി. എന്ന ട്രേഡ് മാർക്ക് സ്വന്തമാക്കിയതിനൊപ്പം കർണാടക ഈ വിലാസത്തിൽ വെബ്‌സൈറ്റ് രജിസ്റ്റർചെയ്തു. മറ്റു മാർഗങ്ങളില്ലാത്തതിനാൽ https://www.keralartc.com എന്ന മേൽവിലാസത്തിലാണ് കെ.എസ്.ആർ.ടി.സി. വെബ്‌സൈറ്റ് ഒരുക്കിയത്.

കെ.എസ്.ആർ.ടി.സി. എന്ന് ഇന്റർനെറ്റിൽ തിരഞ്ഞാൽ ആദ്യം മുന്നിലെത്തുക കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വെബ് സൈറ്റാണ്. ഓൺലൈൻ ടിക്കറ്റുകൾ അധികവും കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് പോകുന്നതെന്ന് കെ.എസ്.ആർ.ടി.സി. ആരോപിക്കുന്നു. ബെംഗളൂരുവിൽനിന്ന്‌ സംസ്ഥാനത്തേക്കുള്ള അന്തർ സംസ്ഥാന സർവീസുകൾ ഇരു കോർപ്പറേഷനും ഓടിക്കുന്നുണ്ട്. KSRTC.IN , KSRTC.ORG, KSRTC.COM എന്നീ വെബ് വിലാസങ്ങൾ തങ്ങൾക്ക് അനുവദിക്കണമെന്ന അവകാശമാണ് കേരളം ഉന്നയിക്കുന്നത്.

നിലവിലെ വെബ് മേൽവിലാസം വിട്ടുകൊടുക്കാൻ കർണാടക കോർപ്പറേഷൻ തയ്യാറാകില്ല. അതുകൊണ്ടാണ് വിധിപ്പകർപ്പ് കിട്ടിയാലുടൻ നിയമപരമായ വഴികൾ സ്വീകരിക്കുമെന്ന് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ അധികൃതർ പറഞ്ഞത്. ചെന്നൈ ട്രേഡ് മാർക്ക് രജിസ്ട്രിയുടെ വിധിക്കെതിരേ അവർ നിയമനടപടി സ്വീകരിക്കും.

ഇരു സംസ്ഥാനസർക്കാരുകളും തമ്മിൽ ചർച്ചചെയ്ത് സമവായം കണ്ടെത്തണമെന്ന ആവശ്യം കെ.എസ്.ആർ.ടി.സി. മേധാവി ബിജുപ്രഭാകർ ഉന്നയിച്ചിട്ടുണ്ട്.

വെബ് മേൽവിലാസത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്ക്‌സിന്റെ ഉത്തരവുവെച്ച് കെ.എസ്‌.ആർ.ടി.സി.ക്കുതന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad